#അലീഗഢ്_തെരുവിൽ_ഒരു_രാത്രി_പുലരും_വരെ
#അലീഗഢ്_തെരുവിൽ_ഒരു_രാത്രി_പുലരും_വരെ
യൂണിവേഴ്സിറ്റി ജുമാമസ്ജിദ് മിനാരത്തോട് ചാരി നിന്ന് സുഹൃത് ചരിത്രം പറഞ്ഞ് തുടങ്ങി. ഇരുട്ട് കട്ടപിടിച്ച് തുടങ്ങിയെങ്കിലും പള്ളിയുടെ മുകളിലായത് കൊണ്ട് ചമഞ്ഞൊരുങ്ങിയ ഈ അക്ഷര ലോകത്തെ സുന്ദരമായി കാണാനൊക്കും.
ചരിത്രം ഗർഭം ധരിച്ച് നിൽക്കുന്ന ഈ മണ്ണിന് ഒരു നൂറ്റാണ്ടു കാലത്തെ കഥ പറഞ്ഞു തീർക്കാനുണ്ടാവും.വിലാസം നഷ്ടപ്പെട്ട ഒരു ജനതക്ക് പ്രതീക്ഷകളുടെ ചുമരു കെട്ടിപ്പടുക്കാനായി സർ സയ്യിദ് അഹമദ് ഖാൻ നാട് നീളെ ഓടി നടക്കുന്ന കാലം....! അറിവിന്റെ കൊട്ടാരം പണിയാൻ അധികാരത്തിന്റെ കോട്ട വാതിലുകൾക്കു മുന്നിൽ അദ്ദേഹം കൈകാട്ടിയെത്തി. "ഇവിടെ ഒരുപാട് ചെരുപ്പുകളുണ്ട്, കൊണ്ട് പോകാം " എന്നായിരുന്നു ഒരിടത്തു നിന്ന് മറുപടി. പരിഹസിക്കാനായി പറഞ്ഞെതെങ്കിലും ആ ചെരിപ്പല്ലാം തെരുവിൽ വിറ്റ് ഈ അറിവാലയത്തിന് ചുമരുകൾ പണിതു. മറ്റൊരിടത്ത് നിന്ന് പ്രതികരണം ഇങ്ങനെയായിരുന്നു " പണം തരാം... പക്ഷെ രാജ സദസ്സിൽ ന്യത്തം ചെയ്യണം.."
ഒരു സമൂഹത്തിന്റെ അസ്തിത്വ നിർമാണത്തിന് തന്റെ അറിവിൻ പട്ടങ്ങളൊക്കെ അഴിച്ച് വെച്ച് രാജ ദർബാറിൽ അദ്ദേഹം നൃത്തം ചെയ്തു...!
ഒരാണ്ടിപ്പുറം സ്വപ്നങ്ങൾക്ക് ചിറക് തുന്നുന്ന ഒരു ഉമ്മത്തിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് നിർവൃതി കൊള്ളുന്നുണ്ടാവും. നാല് രാഷ്ട്രങ്ങളിലെ പ്രസിഡണ്ട് കസേരയിലിരുന്നവർ ഈ മണ്ണിൽ ഇന്നലെ അക്ഷരം ചേർത്തെഴുതിയവരാണ് .
രാത്രി പാതി ഇരുട്ടിൽ മാഞ്ഞു.ഞായർ ലീവായതിനാൽ യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള ജീവിതം കാണാനായി ഞങ്ങൾ സൈക്കിളിൽ യാത്ര തുടങ്ങി.ആകാശം മേൽക്കൂരയാക്കി എത്രയെത്ര കുടുംബങ്ങളാണ് റോഡരികിൽ അന്തിയുറങ്ങുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തത് കൊണ്ടാണാവോ തുറന്ന് വെച്ച പുസ്തകം പോലെ തെരുവിൽ ഈ ജീവിതം നിവർത്തി വെച്ചുറങ്ങുന്നത്...!
ചിലപ്പോൾ ജീവിതത്തിൽ മോഷ്ടിക്കപ്പെടാനായി ഒന്നും ശേഷിപ്പില്ലാത്തത് കൊണ്ടായിരിക്കും....!
ജമാൽപൂരിലെ ഇരുട്ടിൽ അലിഞ്ഞില്ലാതാവുന്ന ഒരു വഴിവക്കിലേക്ക് ചൂണ്ടി സുഹൃത്ത് ഓർമപ്പെടുത്തി.ഒരു മുസ്ലിം ഗല്ലിയിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. യു.പി തെരഞ്ഞെടുപ്പ് കാലത്ത് NCC യുടെ കീഴിൽ വോട്ടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂട്ടുകാരൻ ഗല്ലിയിൽ വന്നിരുന്നു.
ആ രണ്ട് ഗല്ലിയിലെ ഒരാളുടെ പേര് പോലും വോട്ടർ പട്ടികയിലില്ലത്രെ..! അതായത് സ്വതന്ത്രാവകാശത്തിന്റെ മഷി ഇന്നേ വരെ വിരലിൽ പുരണ്ടിട്ടില്ലന്ന് ....
ആരാണിവരെ അരിക് വത്കരിക്കുന്നത് ...?
എട്ടാണ്ടോളം അധികാരത്തിന്റെ രഥമുരുട്ടിയ ഒരു സമുദായത്തിന്റെ പിൻമുറക്കാർ ഗദ്ഗദങ്ങൾ മാത്രം ചുമക്കാൻ വിധിക്കപ്പെട്ടതെങ്ങിനെയാണ്...?
അസ്ഗർ അലി എഞ്ചിനീയറുടെ ഉത്തരങ്ങളിൽ ഒന്ന് ഇങ്ങനെയാണ്. ബ്രട്ടീഷ് ആധിപത്യത്തിന് മുൻപ് മണ്ണിന്റെ അവകാശികൾ അധികവും മുസ്ലിമീങ്ങളായിരുന്നു. സഹോദര സമുദായക്കാർ അധികവും കച്ചവടവും മറ്റും തൊഴിലാക്കിയവരും. ബ്രട്ടീഷ് ആധിപത്യത്തോടെ മണ്ണിന്റെ അവകാശം നഷ്ടപ്പെട്ടവർ തെരുവിന്റെ മക്കളായി മാറി.
മെഡിക്കൽ റോഡ് വഴി ഐ.ജി , അബ്ദുല്ല ഹോസ്റ്റലുകൾ കടന്ന് പോകുമ്പോൾ വഴിയരികിലെ ലാൽഡിഗ്ഗി ജലാശയത്തിലേക്ക് ചൂണ്ടി അബ്ദുറഹ്മാൻ സാഹിബിനെ സുഹൃത് ഓർത്തെടുത്തു.1920 ഒക്ടോബർ 21ന് അലീഗഡിനോട് പിണങ്ങി ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ ആദ്യ വിത്ത് നട്ടത് ഇതിന്റെ പരിസരത്തെവിടെയോ ആണ്. സ്വാതന്ത്ര്യം നേടാൻ കലാലയം വിട്ടിറങ്ങിയ പഠിതാക്കൾക്ക് വേണ്ടി സ്ഥാപിതമായ അലീഗറിലെ ജാമിഅ മില്ലിയ്യയിലെ വിദ്യാർത്ഥിയായിരുന്നു അബ്ദുറഹ്മാൻ സാഹിബ്.1920- ൽ ഏച്ചുകെട്ടിയ കുടിലിലായിരുന്നു ജാമിഅ. 1939-ൽ സാഹിബ് വീണ്ടും അലീഗറ് സന്ദർശിക്കുമ്പോഴും ചരിത്രം ഒട്ടിപ്പിടിച്ച കല്ലും പൂഴിയും മാത്രമായിരുന്നു അത്. ലാൽഡിഗ്ഗിയുടെ തീരത്തെ വേപ് മരത്തിൻ ചുവട്ടിലിരുന്ന് ഒരുപാട് പുസ്തകങ്ങൾ വായിച്ച് തീർത്ത ചെറുപ്പ നാളുകളെ കുറിച്ച് എം റഷീദിന്റെ "അബ്ദുറഹ്മാൻ സാഹിബ് " എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ക്ലോക്കില മണിക്കൂർ സൂചി അക്കം രണ്ടിനെ കെട്ടിപ്പിടിച്ച് കൂർക്കം വലിക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾക്കാം. അലീഗഢ് നഗരം ശാന്തത പുതച്ചുറങ്ങുകയാണ്. സൈക്കിളിൽ കട്പുള കയറ്റം കയറുമ്പോഴാണ് സ്ട്രീലൈറ്റിന് താഴെ കിടക്കപ്പായ യിൽഒരാൾ എന്തോ പേപ്പറിൽ എഴുതുന്നത് കണ്ടത്. സൈക്കിൾ തിരിച്ച് അയാളുടെ അരികത്ത് ചെന്നു.ചോദ്യങ്ങൾക്കെല്ലാം മറുപടി എഴുതിയും ആംഗ്യത്തിലൂടെയുമായിരുന്നു.അദ്ദേഹത്തിന്റെ അക്ഷരങ്ങൾ കണ്ണ് നനയിച്ചു. ആളൊരു ഗ്രാജ്വേറ്റ് ആണ്. പേര് സൂരജ്. അഞ്ചാം വയസ്സിൽ പിതാവും പതിമൂന്നാം വയസ്സിൽ മാതാവും അദ്ദേഹഹത്തെ തനിച്ചാക്കി യാത്രയായി. . ആംഗലേയവും ഹിന്ദിയും സുന്ദരമായി എഴുതുന്നു.പ്രസ്സ് റിപ്പോർട്ടറായി ജോലി ചെയ്യുന്ന കാലം.അപ്പോഴാണ് വിധി ഒരു ആക്സിടണ്ടായി അദ്ദേഹത്തെ തട്ടിത്തെറിപ്പിച്ചത്.ഭാര്യയും മക്കളും എന്നേക്കുമായി ഓർമയായി. സംസാര ശേഷി അന്ന് പിണങ്ങി ഇറങ്ങിപ്പോയതാണ്. സ്വപ്നങ്ങളെല്ലാം ചത്തൊടുങ്ങി... ഇപ്പോൾ ഈ റോഡരികിലാണ് തല ചായ്ക്കാറ്. സർട്ടിഫിക്കറ്റല്ലാം തന്റെ അടുക്കലുണ്ടെന്ന് അദ്ദേഹം വീണ്ടും വീണ്ടും ഓർമപ്പെടുത്തുമ്പോൾ ജിബ്രാന്റ " ജീവിതം ഒരു വൃത്തമാണ്, വിധികളാണ് അതിനെ നിറക്കുന്നത് " എന്ന വാക്കുകൾ മനസ്സിൽ എണീറ്റ് നിന്നു. മൂന്ന് മണി വരെ ഉറക്കം ലഭിക്കാത്തതിനാൽ എന്തെങ്കിലും എഴുതി ഇരിക്കാറാണത്രെ പതിവ്. കണ്ണിന് മീതെ ഫ്ളൂറസെന്റ് പ്രകാശ ഗോപാരങ്ങൾ വെട്ടിത്തിളങ്ങുമ്പോൾ എങ്ങനെ ഇമ ചിമ്മാനാവും..?
ഭക്ഷണത്തിന് എന്താണ് ചെയ്യാറ് എന്നാരാഞ്ഞപ്പോൾ ഡിഗ്രി നേടിയ ഉദ്യോഗസ്ഥനായിരുന്ന ആ പച്ച മനുഷ്യൻ കിടക്കപ്പായയിൽ നിന്നും ചാടി എണീറ്റു. ചുമരിൽ തൂക്കിയിട്ടിരുന്നു സ്വപ്നങ്ങളെല്ലാം കുത്തിനിറച്ച ഒരു സഞ്ചിയെടുത്ത് ഭക്ഷണത്തിന് യാചിക്കുന്ന രംഗം രാത്രി മൂന്ന് മണിയാകാൻ നേരത്ത് കൺമുന്നിൽ കാണിച്ച് തന്നു.ജീവിതം അത്രയേ ഉള്ളൂ... വിധിയുടെ മുമ്പിൽ നമ്മുടെ ഡിഗ്രികൾക്കെല്ലാം പുല്ല് വില. ഫോൺ നമ്പർ കൊടുത്ത് പോകുകയാണന്ന് പറഞ്ഞപ്പോൾ പുസ്തകത്തിൽ നിന്ന് ഒരു പേജ് വലിച്ച് കേറി അദ്ദേഹം എഴുതി നീട്ടി
" BEST OF LUCK ".
പ്രതീക്ഷകളുടെ കാർമേഘം ഉരുണ്ട് കൂടിയ മാനത്തേക്ക് വിരൽ ചൂണ്ടി എല്ലാം നൽകുന്നത് പടച്ച തമ്പുരാനാണന്ന് ആംഗ്യത്തിലൂടെ ബോധ്യപ്പെടുത്തി അദ്ദേഹം ഞങ്ങളെ യാത്രയാക്കി.ഈ കാർമേഘങ്ങളൊക്കെ പെയ്തൊഴിയട്ടെ.....
സവാരി കഴിഞ്ഞ് സംഷാദ് അങ്ങാടിയിലെത്തി. നേരം ഇരുട്ടിയിട്ടും പീടിക വരാന്തയിൽ ഉറങ്ങാതെയിരിക്കുന്ന ഒരുമ്മ പെറ്റ രണ്ട് സ്ഹോദരങ്ങൾ. പത്ത്, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന അവരുടെ പേര് ഷാരൂഖ് ഖാൻ, സൽമാൻ എന്നിവയാണത്രെ!. പേര് വെക്കുമ്പോൾ തന്റെ മക്കളും അത് പോലെ ഫെയ്മുകളാവണമെന്ന് ആ ഉമ്മയെങ്ങാനും ആശിച്ചിരുന്നാവോ...?
കീറിപ്പിന്നിയ കുപ്പായമിട്ട കുഞ്ഞുങ്ങളുടെ കണ്ണിൽ വിശപ്പിന്റെ കാഠിന്യം കത്തി നിൽകുന്നുണ്ട്.രാത്രി രണ്ട് മണി കഴിഞ്ഞിട്ടും ഉറങ്ങാതിരിക്കുന്നതിന്റെ കാരണം കേട്ടപ്പോഴാണ് മനസ്സ് പിടഞ്ഞത്."ചൂട് കാരണം പുതക്കാനും വയ്യ.കൊതുക് കടി കാരണം പുതക്കാതെ ഉറങ്ങാനും വയ്യ...!"
കരളിൽ കൊളുത്തി വലിക്കുന്ന എത്രയെത്ര കാഴ്ചകളാണ് ഇങ്ങനെ പ്രഭാതം വരെ പുകഞ്ഞ് കത്തുന്നത്. ഒരുദിനം രാത്രി കുഞ്ഞിനെയുമെടുത്ത് കണ്ണീരൊലിപ്പിക്കുന്ന ഉമ്മയോട് കാര്യം തിരക്കിയപ്പോഴത്തെ ഉത്തരം ഇങ്ങനെയായിരുന്നു. റോഡരികിൽ ഉറങ്ങുകയായിരുന്ന മകന്റെ ലിംഗം തെരുവ് നായ കടിച്ചെടുത്തിരിക്കുന്നു..!
മാനത്തെ വെളിച്ചം ഉടുമുണ്ടാക്കി ഉറങ്ങുകയായിരുന്നു ആ പൊന്നുമോൻ.
ഉടുക്കാൻ ഉടുപ്പും വയറ് പൊരിയുമ്പോൾ കഴിക്കാൻ അന്നവുമില്ലാതെ കരഞ്ഞ് കഴിയുന്ന എത്ര കുഞ്ഞു മക്കൾ...!
ഉമ്മാ പൊറുക്ക്...നിങ്ങളെ പോലെ ഒരു ഉമ്മ പെറ്റ മക്കൾ കൊതുക് അകത്ത് കടക്കാതിരിക്കാൻ വാതിലിന് നെറ്റുള്ള റൂമിൽ കറങ്ങുന്ന ഫാനിന് താഴെ ഓൾഔട്ടും കത്തിച്ച് ചൂട് തീരാഞ്ഞിട്ട് കൂളറും തേടി നടക്കുകയാണ്...
തിരിച്ച് ഹോസ്റ്റലിലെത്തുമ്പോൾ സ്ക്രീനിൽ ജീവിതത്തെ തോണ്ടിക്കളിക്കുന്നവരെ കാണാമായിരുന്നു....!
മാപ്പാക്കുമെന്ന് കരുതി ചോദിച്ചോട്ടെ.മായാഞ്ഞ കുട്ടിക്കാല ഓർമകളിലൊന്നാണ് ഉമ്മാന്റെ കുടീക്ക് വിര്ന്ന് പോകൽ. തലചായ്ക്കാൻ ഷട്ടർ താഴുന്നതും കാത്തിരിരിക്കുന്ന ഈ കുഞ്ഞോമനകൾ മറ്റേത് തെരുവിലേക്കാണാവോ വിരുന്ന് പോകാറ്.....
പുത്തനുടുപ്പുടുത്ത് ജീവിത്തിൽ എന്നെങ്കിലും പെരുന്നാൾ ആസ്വധിച്ച്കാണുമാവോ....!
പാതിരാത്രിയിൽ റോഡരികിൽ ഉമ്മയുണ്ടാക്കുന്ന ചപ്പാത്തി വേവുന്നതും കാത്തിരിക്കുന്ന കുഞ്ഞുമക്കളെ എത്ര തവണ കണ്ടതാണ്..
ഉടുക്കാൻ വസ്ത്രമില്ലന്ന് ആ രണ്ട് മക്കൾ പറഞ്ഞപ്പോൾ സുഹൃത്ത് അരമണിക്കൂർ കാത്തിരിക്കാൻ പറഞ്ഞു. റൂമിൽ വന്ന് പുതിയ ടീ ഷർട്ട് എടുത്തിട്ട് അവൻ പറഞ്ഞു. നിനക്ക് ഇഷ്ടമുള്ളത് മറ്റുള്ളവന് കൊടുക്കണമെന്നല്ലെ ഇസ്ലാമിക പാഠം. ഇത് തന്നെ കൊടുക്കാം. അവന്റെ വാക്കിന് മുമ്പിൽ എന്റെ മനസ്സ് കുമ്പിട്ടു.സ്റ്റഡി ടേബിളിന് മുകളിൽ എഴുതി വെച്ച വാചകം അവൻ ജീവിതത്തിലേക്ക് പകർത്തി എഴുതുകയായിരുന്നു. "ജീവിതം ഒന്നേയുള്ളൂ ... അത് മറ്റുള്ളവരെ സഹായിക്കാനാണ് " . ജീവിത സുഖമെന്തന്ന് അറിയാത്ത എത്ര മനുഷ്യരെയാണ് തെരുവിന്റെ ഇരു ഭാഗങ്ങളിൽ ചുരുണ്ടു കിടക്കുന്നത് കണ്ടത്.ജീവിതത്തിൽ ഇന്നുവരെ സുന്ദരമായ ഉറക്കം ആസ്വധിക്കാത്ത എത്ര കുഞ്ഞോമനകളാണ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡരികിൽ കരഞ്ഞ് പ്രഭാതം കാത്തിരിക്കുന്നത്. ഒരു വീടെടുത്ത് കൊടുക്കാനായില്ലങ്കിലും ഒരു കൊതുക് വലയെങ്കിലും നമുക്ക് വാങ്ങിച്ച് കൊടുക്കാനായെങ്കിൽ.....
അവരും ഞമ്മളെ പോലെ പുലരുവോളം ഉറങ്ങുമായിരുന്നു.
സ്വാലിഹ് ബുഖാരി കാരക്കുന്ന്
8086 1662 08
swalihpk321@gmail.com
Post a Comment