Header Ads

ഉമറും ഖാലിദും..!

ഉമറും ഖാലിദും..!

"ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കണം. അദ്ദേഹത്തെ പരസ്യവിചാരണക്കു വിധേയനാക്കണം".. ഖലീഫ ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു.. പ്രമുഖ സഹാബികള്‍ ഉമറിനെ ആവുന്നത്ര തിരുത്താന്‍ ശ്രമിച്ചു നോക്കി..

"അമീറുല്‍ മു'മിനീന്‍, താങ്കള്‍ അത് ചെയ്യരുത്. ഖാലിദുബ്നുല്‍ വലീദ് ഇസ്ലാമിക രാഷ്ട്രത്തിന്റെ തന്നെ അഭിമാനമാണ്, ആവേശമാണ്, ആത്മവിശ്വാസമാണ്.. അല്ലാഹുവിന്റെ വാള്‍ എന്നാണു ഖാലിദിനെ നബി വിശേഷിപ്പിച്ചത്. മുസ്ലിം സൈന്യത്തിന് വേണ്ടി നബി ഉയര്‍ത്തിയ പതാകയാണ് ഖാലിദ്. റോമിനേയും പേര്‍ഷ്യയെയും തകര്‍ത്ത് അവരുടെ ത്വാഗൂത്തിയന്‍ വ്യവസ്ഥകള്‍ക്ക് പകരം തദ്സ്ഥാനത്ത് മാനവികതക്കു മാര്‍ഗദര്‍ശനവും ചരിത്രത്തിനു തണലും നാഗരിഗതക്ക് നിറകൂട്ടുമായി ഒരു ഇസ്ലാമികവ്യവസ്ഥയെ കെട്ടിപ്പടുക്കാന്‍ മുസ്ലിം ലോകത്തിനു സാധിച്ചതില്‍ മുഖ്യപങ്കു വഹിച്ചത് ഖാലിദിന്റെ വാള്‍തലപ്പുകള്‍ തന്നെയാണ്.. അബൂഉബൈദയും അംറ് ബിന്‍ ആസ്വും ഇഖ്രിമയും ശുറഹ്ബീലും എല്ലാം പതറിയിടത്ത് ഖാലിദ് ആയിരുന്നു മുസ്ലിം സൈന്യങ്ങള്‍ക്ക് രക്ഷകന്‍ ആയി അവതരിച്ചിരുന്നത്.. അതിനാല്‍ ഖാലിദിനെ സൈന്യത്തില്‍ നിന്നും പുറത്താക്കുക എന്നത് മുസ്ലിം ലോകത്തിനു തന്നെ ദോഷം ചെയ്യും.. അല്ലയോ അമീറുല്‍ മു'മിനീന്‍.. താങ്കള്‍ അത് ചെയ്യരുത്."

ഉമറിന്റെ മറുപടി ഗംഭീരവും ഉറച്ചതും ആയിരുന്നു.. "അതെ, ഇത് തന്നെയാണ് ഞാന്‍ ഭയക്കുന്നത്.. ഖാലിദ് ആണ് എല്ലാം എന്ന ഈ മനോഭാവം.. നാളെ ഖാലിദ് മരണപ്പെട്ടാല്‍ അതോടെ തകരുമോ ഈ സമുദായം.. ഖാലിദിനെക്കാള്‍ എത്രയോ ശ്രേഷ്ടനായ നബി മരണപ്പെട്ടിട്ട് പോലും ഈ സമുദായം മുന്നോട്ടു തന്നെയാണല്ലോ കുതിച്ചത്.. അതിനാല്‍ അല്ലാഹുവാണേ, ഖാലിദ് അല്ല, ദൈവമാണ് തന്റെ ദീനിനെ വിജയിപ്പിക്കുന്നത് എന്ന് തെളിയിക്കാനായി ഞാന്‍ ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കുക തന്നെ ചെയ്യും..!!"

------------------------------------------------------------------------

അന്ന് രാത്രി കിടക്കുമ്പോള്‍ തന്റെ തീരുമാനം ഉമര്‍ എന്ന മഹാമേരുവിനെ അല്‍പ്പമെങ്കിലും കുലുക്കിയിട്ടുണ്ടാവുമോ? മുസ്ലിം ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാന്‍ പോകുന്ന ഒരു സുപ്രധാനമായ തീരുമാനം ആണ് ഉമര്‍ എടുക്കാന്‍ പോകുന്നത്.. കാരണം ഖാലിദ് അത്രത്തോളം മുസ്ലിം ലോകത്തിനു ഒരു ഹരമാണ്.. നൂറുകണക്കിന് യുദ്ധങ്ങളില്‍ പങ്കെടുത്ത, അതില്‍ ഒരുതവണ പോലും പരാജയം രുചിച്ചിട്ടില്ലാത്ത പടനായകന്‍.. ഉമറിനറിയാം ഖാലിദിനെ, വ്യക്തമായി.. ഖാലിദിന്‍റെ ഓരോ വളര്‍ച്ചയും കണ്ടറിഞ്ഞവനാണ് ഉമര്‍. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ഒരേ കളരിയില്‍ അഭ്യസിച്ചവര്‍, ബന്ധുക്കള്‍.. മാനവകിതയുടെ വിമോചനമന്ത്രവുമായി നബി വന്നപ്പോള്‍ ഒരുമിച്ചു നിന്ന് എതിര്‍ത്തവര്‍. പിന്നീട് ഉമര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ പോര്‍മുഖങ്ങളില്‍ അവര്‍ പരസ്പരം ശത്രുഭാഗങ്ങളില്‍ കണ്ടു.. അന്നും ഖാലിദിനെ ഇസ്ലാമിലേക്ക് കിട്ടാന്‍ നബി പ്രാര്‍ഥിക്കുന്നത്‌ ഉമര്‍ കണ്ടിട്ടുണ്ട്.. നബിയുടെ പ്രാര്‍ത്ഥനയുടെ സഫലീകരണം എന്നോണം ഖാലിദ് ഇസ്ലാമിലെക്കെത്തി.. മദീനയില്‍ ഇസ്ലാം സ്വീകരിക്കാനെത്തിയ ഖാലിദിന്റെ കൈകള്‍ പിടിച്ചു കൊണ്ട് മദീനാവാസികളോട് ആഹ്ലാദത്തോടെ നബി പറഞ്ഞ വാക്കുകള്‍ ഉമറിനു ഓര്‍മ്മയുണ്ട് "ഇതാ ഖാലിദുബ്നുല്‍ വലീദ്.. മക്ക അതിന്റെ കരളിന്റെ കഷ്ണത്തെയാണ്‌ നമുക്ക് ഇട്ടു തന്നിരിക്കുന്നത്".. അന്ന് മുതല്‍ ഖാലിദിന്റെ പരാജയം രുചിച്ചിട്ടില്ലാത്ത വാള്‍ ഇസ്ലാമിന് വേണ്ടി ചലിച്ചു തുടങ്ങി.. രണ്ടു ലക്ഷം റോമാക്കാരുടെ മുന്നില്‍ പെട്ട വെറും മൂവായിരം മാത്രം വരുന്ന മുസ്ലിം സൈന്യത്തിന്റെ ആദ്യ മൂന്നു സൈന്യാധിപന്മാരും കൊല്ലപ്പെട്ടപ്പോള്‍, മുസ്ലിം സൈന്യത്തെ രക്ഷപ്പെടുത്തിയത് ഖാലിദിന്റെ ഒരിക്കലും പാളാത്ത യുദ്ധതന്ത്രങ്ങളാണ്. മദീനയിലേക്ക് മുസ്ലിം സൈന്യവുമായി വന്ന ഖാലിദിനെ കണ്ടപ്പോള്‍ പിന്തിരിഞ്ഞോടി വന്നതാണെന്ന് കരുതി ഖാലിദിന് നേരെ മണ്ണെറിയാന്‍ തുടങ്ങിയ ജനത്തെ തടഞ്ഞു കൊണ്ട് കുതിരപ്പുറത്തു അശ്വാരൂഢനായി ഇരിക്കുന്ന ഖാലിദിനെ ചൂണ്ടി കാണിച്ചു കൊണ്ട് പുഞ്ചിരിയോടെ നബി വിളിച്ചു പറഞ്ഞു.. "അല്ലാഹുവിന്റെ വാള്‍..!!". സത്യനിഷേധികള്‍ക്കെതിരെ അല്ലാഹു ഉറയൂരിയ വാള്‍.. മഹത്തായ വിശേഷണം.. അന്ന് മുതല്‍ ഖാലിദ് ആ നാമത്തിലാണ് അറിയപ്പെട്ടത്.. പിന്നീടങ്ങോട്ട് 'ഖാലിദ് ഇറ' എന്ന് തന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു കാലമാണ് ചരിത്രം കണ്ടത്.. പുളച്ചുമതിക്കുന്ന ആ വാള്‍ ദിഗന്തസീമകളെ കീഴ്പ്പെടുത്തിയല്ലാതെ അടങ്ങുകയില്ലെന്ന്‍, അവിടം ചെന്നല്ലാതെ അവസാനിക്കുകയില്ലെന്ന് നബി നേരത്തേ നോക്കിക്കണ്ടു. ലോകം അടക്കി വാണിരുന്ന മഹാശക്തികളായ റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍, ലോകത്ത് ഏറ്റവും പിന്നോക്കം നിന്നിരുന്ന മക്കാ മരുഭൂമിയില്‍ പിറന്ന അറബിമുഷ്കന്റെ വാള്‍തലപ്പുകളില്‍ കടപുഴകി വീഴുന്ന അല്ഭുതകാഴ്ചകള്‍ ലോകം കണ്ടു.. ഇസ്ലാം വളരുകയായിരുന്നു.. ഒപ്പം ഖാലിദും..!!

പക്ഷെ വളര്‍ച്ചക്കൊപ്പം വിവാദങ്ങളും എന്നും ഖാലിദിന്റെ കൂടെപ്പിറപ്പായിരുന്നു.. നബിയുടെ വിയോഗശേഷം ഇസ്ലാം ഉപേക്ഷിക്കുകയും, വ്യാജ പ്രവാചകയായിരുന്ന സജ്ജാഹിന്റെ കൂടെ നിന്ന് മുസ്ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്ത ബനൂയര്‍ബൂഹ് ഗോത്രത്തലവനായിരുന്ന മാലിക് ബിന്‍ നുവൈറയുമായി യുദ്ധത്തിനു നിയോഗിതനായ ഖാലിദ് മാലിക്കിനെ വധിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം ചെയ്ത നടപടി പ്രമുഖ സഹാബികളെ വരെ ക്ഷുഭിതരാക്കി.. ഒന്നാമതായി മാലിക് മുര്‍ദ്ദത് ആയിട്ടില്ല എന്ന് വിശ്വസിച്ചവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കഥകള്‍ പലതും പരന്നു.. ഖാലിദിനെ സ്ഥാനഭ്രഷ്ടനാക്കാനും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും അന്നത്തെ ഖലീഫ ആയിരുന്ന അബൂബക്കറിനോട് ഉമര്‍ ആവശ്യപ്പെട്ടു.. 'ഖാലിദിന്റെ വാളിനു പുളപ്പ് കൂടും' എന്നായിരുന്നു ഉമറിന്റെ അഭിപ്രായം.. എന്നാല്‍ ഖാലിദിന്‍റെ വിശദീകരണത്തില്‍ തൃപ്തനായ അബൂബക്കര്‍ 'അല്ലാഹുവിന്റെ ഊരിയ വാള്‍ ഉറയിലിടാന്‍ താന്‍ തയ്യാറല്ല' എന്ന് പറഞ്ഞു.. അത് പോലെ തന്നെ യമാമ യുദ്ധം കഴിഞ്ഞ ഉടനെ നൂറുകണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ടു കിടക്കുന്ന സമയത്ത് ശത്രുഗോത്രത്തലവനായിരുന്ന മജാഅത്തുബ്നുമിറാറയുടെ മകളെ (മജാഇന്റെ സമ്മതത്തോടെ തന്നെ) വിവാഹം കഴിച്ചതും അബൂബക്കറില്‍ പോലും രോഷമുണ്ടാക്കി.. അദ്ദേഹം ഖാലിദിനെ വളരെ കര്‍ക്കശമായി തന്നെ ശാസിച്ചുവെങ്കിലും സ്ഥാനഭ്രഷ്ടനാക്കാന്‍ തയ്യാറായില്ല.. കാരണം മുസ്ലിം സൈന്യം കൂടുതല്‍ കൂടുതല്‍ വ്യാപിക്കാന്‍ കാരണമായ ആ വാളിനെ, ഇനിയും മുസ്ലിം ലോകത്തെ തകര്‍ക്കാനായി തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് പേടിസ്വപ്നമായി നിലനിന്നിരുന്ന ആ പോരാളിയെ, നബി ഉയര്‍ത്തിയ ആ പതാകയെ മുസ്ലിംകളുടെ നേതാവായി തന്നെ വേണം എന്ന് അബൂബക്കര്‍ ആഗ്രഹിചിരുന്നിരിക്കാം.. ഖാലിദില്‍ ആരോപിച്ച തെറ്റുകളൊന്നും തന്നെ സൈന്യാധിപസ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ പോന്നവയല്ല എന്ന് അബൂബക്കര്‍ വിലയിരുത്തി.. എന്നാല്‍ ഉമര്‍ കാര്യങ്ങളെ കണ്ടത് മറ്റൊരു തരത്തിലാണ്.. നേതാക്കളില്‍ നിന്നും വരുന്ന ചെറിയ വീഴ്ചകളെ പോലും വിട്ടുകളയാന്‍ പാടില്ല. അവര്‍ ചെറിയ തെറ്റുകള്‍ ചെയ്‌താല്‍ പോലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.. അതല്ലെങ്കില്‍ വരുംനാളുകളില്‍ പ്രമുഖരുടെ തെറ്റുകള്‍ക്ക് ശിക്ഷയില്ലാത്ത ഒരു സമ്പ്രദായം വരുമെന്ന് ഉമറിലെ ക്രാന്തദര്‍ശി മണത്തറിഞ്ഞു.. അതൊക്കെ കൊണ്ട് തന്നെയാകാം അബൂബക്കറിന്റെ മരണശേഷം ഖലീഫ ആയ ഉടനെ ഉമര്‍ ആദ്യം എടുത്ത തീരുമാനം ഖാലിദിനെ സര്‍വ്വസൈന്യാധിപസ്ഥാനത്ത് നിന്നും നീക്കി പകരം അബൂഉബൈദയെ ആ സ്ഥാനത്ത് നിയോഗിച്ചു എന്നതാണ്. ഖാലിദ് അന്ന് മുതല്‍ സെക്കന്റ്‌ ഇന്‍ കമാന്റ് ആയി മുസ്ലിം സൈന്യത്തില്‍ നിലകൊണ്ടു.. ഖാലിദിനെ മാറ്റി അബൂഉബൈദയെ ആക്കാന്‍ വേറെയുമുണ്ടായിരുന്നു ഉമറിനു കാരണങ്ങള്‍.. ഖാലിദ് ആദ്യവും അവസാനവും ഒരു പട്ടാളക്കാരനായിരുന്നു. യുദ്ധം ചെയ്യാനും യുദ്ധം ജയിക്കാനും വേണ്ടി മാത്രം ജനിച്ചവന്‍. പക്ഷെ മുസ്ലിം ലോകം ഇന്ന് ഒരുപാട് വളര്‍ന്നു. വിജയിച്ചടക്കിയ പ്രദേശങ്ങള്‍ക്കും ഇനിയും ജയിച്ചടക്കാനുള്ള പ്രദേശങ്ങള്‍ക്കും ഇനി വേണ്ടത് ശാന്തനും പക്വമതിയും സമാധാനപ്രിയനും അവരെ ഇസ്ലാം പഠിപ്പിക്കാനും എല്ലാം പോന്ന ഒരു ഭരണാധികാരിയെയാണ്. ജയിച്ചടക്കിയ പ്രദേശങ്ങള്‍ക്ക് വേണ്ടത് അവിടത്തെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സന്മനസ്സുള്ള ഒരു ഭരണാധികാരിയെ ആണെങ്കില്‍ ഇനിയും ജയിച്ചടക്കിയിട്ടില്ലാത്ത പ്രദേശങ്ങള്‍ക്ക് വേണ്ടത് സന്ധിക്കും സമാധാനത്തിനും വേണ്ടി കൈ നീട്ടിയാല്‍ അത് സ്വീകരിക്കാന്‍ തയ്യാറുള്ള ഒരു സമാധാനപ്രിയനെയാണ്.. അബൂഉബൈദയെ കാലം കാത്തിരിക്കുമ്പോഴാണ് ഉമര്‍ അദ്ദേഹത്തെ സേനാനായകത്വം ഏല്‍പ്പിക്കുന്നത്..

എന്തായാലും സര്‍വ്വസൈന്യാധിപസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടെങ്കിലും ഖാലിദിന്റെ വാള്‍ത്തലപ്പുകള്‍ പിന്നെയും നീതിക്ക് വേണ്ടി വിളങ്ങികൊണ്ടേയിരുന്നു.. ലോകശക്തികള്‍ ഒന്നടങ്കം അതിനു മുന്നില്‍ വീണു കൊണ്ടേയിരുന്നു.. ഉമര്‍ അദ്ദേഹത്തെ ഖിന്നസ്രീനിന്റെ ഗവര്‍ണ്ണര്‍ ആയി നിയമിച്ചു.. ഖാലിദ് എല്ലാ അര്‍ത്ഥത്തിലും മുസ്ലിംകള്‍ക്ക് ഒരു ഹരമായി മാറുകയായിരുന്നു.. 'ഖാലിദ് ഉള്ളത് കൊണ്ടാണ് മുസ്ലിംകള്‍ ജയിക്കുന്നത്', 'ഖാലിദ് ഇല്ലെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ?' എന്ന് ജനങ്ങള്‍ പറയുന്നിടത്തോളം വരെ കാര്യങ്ങള്‍ എത്തി.. ഇതൊന്നും പോരാഞ്ഞിട്ട് ശത്രുരാജ്യങ്ങളിലെ രാജകുമാരികള്‍ വരെ ഖാലിദ് തന്റെ രാജ്യം കീഴടക്കണമെന്നും അങ്ങനെ ഖാലിദ് തന്നെ വിവാഹം കഴിക്കണമെന്നും സ്വപ്നം കാണുന്നതായി പാണന്മാര്‍ പാടി നടക്കുന്നുമുണ്ട്.. അതിനിടെയാണ് ഖാലിദിനെ പുകഴ്ത്തി കവിത എഴുതിയ അശ്അസുബ്നു ഖൈസിനു ഖാലിദ് പതിനായിരം ദിര്‍ഹം പാരിതോഷികമായി നല്കിയതു ഉമര്‍ അറിയുന്നത്.. ഇത് ഉമറിനെ ശരിക്കും ചൊടിപ്പിച്ചു.. അത് ഖലീഫയുടെ തീരുമാനങ്ങളെ ലംഘിക്കുന്നതായിരുന്നു.. ഭരണാധികാരികളെ പുകഴ്ത്തി പണം സമ്പാദിക്കുന്ന രാജഭരണനാടുകളിലെ അത്തരം വിരുതന്മാരുടെ മാതൃകകള്‍ ഉമര്‍ ശക്തമായി വിലക്കിയതായിരുന്നു..

ആ സമയത്ത് ഒരു സെലിബ്രിറ്റിയുടെ എല്ലാ അലങ്കാരങ്ങലോടെയും ഖാലിദ് വാഴുകയായിരുന്നു.. ഇതിനെല്ലാം തടയിടേണ്ടതുണ്ട്. അതിരു കടന്ന ആദരവ് ആരാധനയിലേക്ക് വഴി വയ്ക്കും. ഖാലിദ് അല്ല, ദൈവമാണ് കാര്യങ്ങള്‍ വിജയിപ്പിക്കുന്നത് എന്ന് തെളിയിക്കേണ്ടതുണ്ട്. അതോടൊപ്പം പ്രമുഖര്‍ തെറ്റ് ചെയ്‌താല്‍, അത് ചെറിയ തെറ്റാണെങ്കില്‍ പോലും കഠിനമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്.. അല്ലെങ്കില്‍ പ്രമുഖര്‍ക്ക് വേറെ നീതി ഉണ്ടാകുന്ന അവസ്ഥ നിലവില്‍ വരും.. എല്ലാവരും തുല്യരാകുന്ന നാട്ടില്‍ ചിലര്‍ കൂടുതല്‍ തുല്യരാകുന്ന ആധുനിക നീതിശാസ്ത്രങ്ങള്‍ ഉമറിന്റെ ഇസ്ലാമിക ഭരണകൂടത്തില്‍ കണികാണാന്‍ പോലും കഴിയുമായിരുന്നില്ലല്ലോ.. ആ രാത്രി ഉമറിന്റെ ക്രാന്തദര്‍ഷിത്വം, അദ്ദേഹത്തിന്റെ നീതിബോധം ഖാലിദിന്റെ എല്ലാ സെലിബ്രിറ്റിവാല്യുവിനെയും മറികടക്കുകയായിരുന്നു.. ഉമര്‍ ആ ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞു.. ഖാലിദ് സ്ഥാനഭ്രഷ്ടനാക്കപ്പെടണം..!!

-----------------------------------------------------------------------

"അശ്അസിന് നല്‍കിയ പണം താങ്കള്‍ക്കു എവിടെ നിന്ന് ലഭിച്ചു.? അത് പൊതുമുതലോ അതോ താങ്കളുടെ സ്വന്തം ധനമോ?" മിമ്പറില്‍ കയറി നിന്ന് കൊണ്ട് അബൂഉബൈദ ചോദിച്ചു..

ഖാലിദ് ഒന്നും മിണ്ടാതെ തരിച്ചു നില്‍ക്കുകയായിരുന്നു.. ഖിന്നസ്രീനിന്റെ ഭരണാധികാരിയായ താന്‍, മുസ്ലിംകളുടെ ഇഷ്ടപോരാളിയായ താന്‍, ഇങ്ങനെ പൊതുജനമധ്യത്തില്‍ വച്ച് ഇതുപോലെ വിചാരണ ചെയ്യപ്പെടും എന്ന് അദ്ദേഹം കരുതിയുട്ടുണ്ടാവില്ല.. അബൂഉബൈദ ചോദ്യം ആവര്‍ത്തിച്ചു.. ഖാലിദ് ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു.. അതോടെ ബിലാല്‍ മുന്നോട്ടു വന്നു ഖാലിദിന്റെ തലപ്പാവ് അഴിച്ചെടുത്തു പള്ളിയുടെ തൂണില്‍ അദ്ദേഹത്തെ ബന്ധിച്ചു.. ചക്രവാളങ്ങളെ വിറപ്പിച്ച വാള്‍തലപ്പിന്റെ ഉടമ ഒരു കൊച്ചുകുട്ടിയെ പോലെ ബിലാലിന്റെ മുന്നില്‍ തല കുനിച്ചു നിന്നു. ഇസ്ലാമിക ലോകങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന കാഴ്ചകള്‍.. ചുറ്റും കൂടിയിരിക്കുന്ന ജനത്തിന് തങ്ങളുടെ ശ്വാസം നിലക്കുന്നതു പോലെ തോന്നി.. മുസ്ലിംകളുടെ പടനായകന്‍, മുസ്ലിംകളുടെ ആവേശം, മുസ്ലിംകളുടെ അഭിമാനം, അവരുടെ ഹരം, അവരുടെ ഹീറോ, അല്ലാഹുവിന്റെ ഊരിയ വാള്‍, നബിയുടെ അരുമശിഷ്യന്‍ ആണ് ഇവ്വിധം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.. അതും വെറും പതിനായിരം ദിര്‍ഹമിന്റെ പേരില്‍. അങ്ങനെ എത്രയെത്ര പതിനായിരങ്ങളാണ് അദ്ദേഹം ഈ സമുദായത്തിന് നേടി കൊടുത്തിട്ടുള്ളത്.. പക്ഷെ ഉമറിന്റെ നീതിബോധത്തിനു മുന്നില്‍ ഖാലിദിന്റെ ഈ പറഞ്ഞ സ്ഥാനങ്ങളൊന്നും മതിയാവുന്നതായിരുന്നില്ല..

അല്‍പ്പസമയത്തിനു ശേഷം ഖാലിദ് ശാന്തമായി പറഞ്ഞു: "അതെന്റെ് സ്വന്തം ധനമായിരുന്നു".. ഉടനെ ബിലാല്‍ ഖാലിദിനെ ബന്ധിച്ചിരുന്ന കെട്ടഴിച്ചു തന്റെ കൈകള്‍ കൊണ്ട് തന്നെ തലപ്പാവ് കെട്ടിക്കൊടുത്തു.. ജനത്തിന് അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.. എങ്കിലും ഖാലിദിനെ ഖിന്നസ്രീനിന്റെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും സൈന്യത്തില്‍ നിന്നും പുറത്താക്കി എന്ന ഉമറിന്റെ തീരുമാനം അബൂഉബൈദ അവിടെ പ്രഖ്യാപിച്ചു.. ദീര്‍ഘനാള്‍ മുസ്ലിം സൈന്യത്തിന്റെ എല്ലാമായിരുന്ന ആ പോരാളിയുടെ പോരാട്ടജീവിതത്തിനു വിരാമം..!!

സിറിയയില്‍ നിന്നും പോകുന്നതിനു തൊട്ടുമുമ്പ് തന്റെ ജനത്തെ അഭിമുഖീകരിച്ചു ഖാലിദ് ഇപ്രകാരം പറഞ്ഞു: "അബൂബക്കര്‍ എന്നെ സിറിയയിലെക്കയച്ചു. അങ്ങനെ അത് പഴുത്തു തേനായപ്പോള്‍ എന്നെ ഇവ്വിധം പുറത്താക്കുകയാണല്ലോ".. ഖാലിദിന്റെ ശബ്ദം ഇടറിയിരുന്നോ?? ഹുര്‍മുസാനെയും റുസ്തമിനെയും ഹിര്‍ക്കലിനെയും കിസ്രയെയും വരെ വിറകൊള്ളിച്ച ആ വീരനായകന്‍.. ഖാലിദിന്റെ ദുഃഖം മനസ്സിലാക്കിയ ഒരാള്‍ എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു: "അമീര്‍. താങ്കള്‍ ക്ഷമിക്കുക, അല്ലെങ്കില്‍ അത് ഫിത്ന(വലിയ കുഴപ്പം)ക്ക് കാരണമാകും".. അയാളുടെ ആശങ്ക ശരിയായിരുന്നു.. ജനത്തിന്റെ ആ സിമ്പതി മുതലാക്കി ഖാലിദ് ഒന്ന് ആഞ്ഞു ശ്രമിച്ചിരുന്നെങ്കില്‍ ഉമറിനെതിരെ ഖാലിദിന്റെ കൂടെ സൈന്യമായി നില്‍ക്കാന്‍ ഒരുപാട് അപക്വമതികളെ ഖാലിദിന് ലഭിക്കുമായിരുന്നു. പക്ഷെ ഖാലിദ് എന്ന ദൈവത്തിന്റെ വാള്‍ അവരുടെ ആശങ്കകള്‍ക്കുമെല്ലാം എത്രയോ മുകളിലായിരുന്നു.. അയാള്‍ക്ക്‌ ഖാലിദ് നല്കിയ മറുപടി ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവയ്ക്കപ്പെടേണ്ടതാണ്.. "ഖത്വാബിന്റെ മകന്‍ (ഉമര്‍) ജീവിച്ചിരിക്കുമ്പോള്‍ ഫിത്നയോ?? ഭയക്കുകയേ വേണ്ട..!!" എന്നായിരുന്നു ഖാലിദിന്റെ മറുപടി.. അതായിരുന്നു ഖാലിദ്.. ഉമര്‍ കാരണം താന്‍ അപമാനിക്കപ്പെട്ടെങ്കിലും തന്റെ സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ടെങ്കിലും ഉമറിന്റെ നീതിബോധത്തില്‍ ഖാലിദിന് തെല്ലും സംശയമുണ്ടായിരുന്നില്ല.. അതല്ലെങ്കില്‍ ഖാലിദിനോളം ഉമറിനെ മനസ്സിലാക്കിയവര്‍ വേറെയാരും ഉണ്ടായിരുന്നില്ല..

അത് തന്നെയായിരുന്നു ഉമറിന്റെയും അവസ്ഥ. ഖാലിദിനോട് അദ്ദേഹത്തിന് തെല്ലും വെറുപ്പോ ദേഷ്യമോ ഉണ്ടായിരുന്നില്ല.. പക്ഷെ നീതിക്ക് മുന്നില്‍ അദ്ദേഹം ബന്ധങ്ങള്‍ക്കോ സ്നേഹത്തിനോ യാതൊരു വിലയും കല്‍പ്പിച്ചിരുന്നില്ല എന്ന് മാത്രം.. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മദീനയില്‍ എത്തിയ ഖാലിദിനെ നോക്കി ഉമര്‍ പാടിയത് ഇങ്ങനെയാണ്: "ഖാലിദ്‌, താങ്കള്‍ ഒരുപാട് ചെയ്തു, താങ്കളോളം ചെയ്ത ആരും തന്നെയില്ല. പക്ഷെ ജനങ്ങളല്ല, ദൈവമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്"..

അതിനു ശേഷം മുസ്ലിം നാടുകളിലെ ആശങ്ക നീക്കാനായി ഇപ്രകാരം വിളംബരം ചെയ്തറിയിക്കുവാന്‍ ഉമര്‍ ആജ്ഞാപിച്ചു "ഖാലിദിനോട് കുപിതനായിട്ടോ അദ്ദേഹം വഞ്ചന നടത്തിയത് കൊണ്ടോ അല്ല ഞാനാദ്ദേഹത്തെ ഭ്രഷ്ടനാക്കിയത്.. മറിച്ച്, ജനങ്ങള്‍ അദ്ദേഹത്തില്‍ വല്ലാതെ വശീകൃതരായിപ്പോയിരിക്കുന്നു. അവര്‍ കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ അവലംബിച്ചു. അവസാനം അത് കുഴപ്പത്തിന് കാരണമാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.."

അതിനു ശേഷം നാല് വര്‍ഷം ഹിംസിലെ അകന്നൊരു വീട്ടില്‍ യാതൊന്നിലും ഇടപെടാതെ, യാതൊന്നും ശ്രദ്ധിക്കാതെ ഖാലിദ് കഴിച്ചു കൂട്ടി. ദീഘകാലം പോര്‍ക്കളങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ജീവിച്ച ആ പടയാളിക്കു ശാന്തമായ ആ ജീവിതം സുഖം നല്‍കിയിട്ടുണ്ടായിരിക്കില്ല.. നാലാം വര്‍ഷം ആയപ്പോള്‍ ഖാലിദിനെ സൈന്യത്തിലേക്ക് തിരിച്ചെടുക്കാന്‍ ഉമര്‍ ചിന്തിച്ചിരുന്നു. പക്ഷെ കാലം അതിനായി ഖാലിദിനെ ബാക്കി വച്ചില്ല.. അതിനു മുമ്പേ രോഗബാധിതനായി കൊണ്ട് ഖാലിദ് ഇഹലോകവാസം വെടിഞ്ഞു.. നൂറുകണക്കിന് യുദ്ധങ്ങളില്‍ പങ്കെടുത്ത ആ മനുഷ്യന്‍ ഒടുവില്‍ പായയില്‍ കിടന്നു മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പ് തന്റെ എല്ലാ വസിയ്യത്തുകളും ഉമറിന്റെ പേരിലാണ് ഖാലിദ് എഴുതി വച്ചത്.. ഉമറിനെ അത്രയ്ക്ക് സ്നേഹമായിരുന്നു, വിശ്വാസമായിരുന്നു ഖാലിദിന്. അദ്ദേഹം തന്നെ മരണശയ്യയില്‍ കിടക്കുമ്പോള്‍ അബുദ്ദര്‍ദാഇനോട് 'ഉമറിനോട് തനിക്കു യാതൊരു ദേഷ്യവുമില്ല എന്നും ഉമര്‍ ചെയ്തതൊക്കെ അല്ലാഹുവേ മുന്‍നിത്തി ആണെന്നും നീതി ആണെന്നും താന്‍ മനസ്സിലാക്കുന്നു' എന്നും പറഞ്ഞിരുന്നു..

ഖാലിദിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ഉമര്‍ ഏറ്റുവാങ്ങിയത്.. താടിരോമങ്ങള്‍ നനഞ്ഞു കുതിരുമാറ് ഉമര്‍ കരഞ്ഞു എന്ന് ചരിത്രം പറയുന്നു.. ഒരു ഖലീഫ എന്ന നിലക്കും ഒരു സാധാരണ മുസ്ലിം എന്ന നിലക്കും ഒരു കൂട്ടുകാരന്‍ എന്ന നിലക്കും ഉമറിനു ആ വിയോഗം വളരെയധികം വേദനയുണ്ടാക്കുന്നതായിരുന്നു..

പേര്‍ഷ്യക്കാരന്‍ അബൂലു'ലു'വിന്റെ കുത്തേറ്റു ആസന്നമരണനായിക്കിടക്കെ തന്റെ പിന്‍ഗാമിയെ കുറിച്ച് ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍ പോലും ഉമര്‍ ഖാലിദിനെ സ്മരിചിരുന്നു എന്നത് ഉമറിന്റെ മനസ്സില്‍ ഖാലിദിന് എത്രത്തോളം സ്ഥാനം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കി തരുന്നതായിരുന്നു..

"ഖാലിദുബ്നുല്‍ വലീദ് എങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അടുത്ത ഖലീഫയാക്കുമായിരുന്നു.. അങ്ങനെ ഞാന്‍ പരലോകത്ത് വച്ച് അല്ലാഹുവെ കണ്ടുമുട്ടുകയും 'ആരെയാണ് താങ്കള്‍ മുഹമ്മദിന്റെ സമുദായത്തിന് നേതാവാക്കിയത്' എന്ന് അല്ലാഹു എന്നോട് ചോദിക്കുകയും ചെയ്യുമ്പോള്‍ എനിക്കിങ്ങനെ പറയാമല്ലോ.. 'എന്റെ നാഥാ.. ഖാലിദ്.. സത്യനിഷേധികള്‍ക്കെതിരെ നീ ഊരിയ വാള്‍ ആണെന്ന് നിന്റെ ദൂതനും ദാസനുമായ മുഹമ്മദ്‌ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്..!!"

----------------------------------------------------------------------

സമകാലീന രാഷ്ട്രീയ ഗ്വാ ഗ്വാ വിളികള്‍ക്കിടയില്‍ വെറുതെ ഓര്‍ത്തു പോകുന്ന സ്വപ്നതുല്യമായ ആ കാലഘട്ടത്തെ. നീതിക്കു മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന് കാണിച്ചു തന്ന ആ കാലഘട്ടം ഇനി തിരിച്ചു വരുമോ? വളരുന്തോറും പിളരുന്നവരും ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോഴേക്കും തെറ്റി രണ്ടു വിഭാഗം ആകുന്നവരും തെറ്റിയാല്‍ തെറി പറയുന്നവരും എല്ലാം കണ്ടു പഠിക്കട്ടെ അഭിപ്രായഭിന്നതയുടെ രീതിശാസ്ത്രം എങ്ങനെയാണെന്ന്.. ഈ രണ്ടു മഹത്തുക്കളില്‍ നിന്നും...!

No comments